കൊല്ലം കടയ്ക്കലിൽ നവകേരള സദസ്സിന്റെ വാഹനം തടയുന്നവരെ വെല്ലുവിളിച്ച് മുഖ്യമന്ത്രിയുടെ എസ്കോർട്ട് സംഘത്തിലെ പൊലീസുകാരൻ. ഫേസ്ബുക്കിലൂടെയാണ് പൊലീസുകാരനായ ഗോപീകൃഷ്ണൻ എം എസ് വെല്ലുവിളി നടത്തിയത്. കുമ്മിൽ ഷമീർ എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ കമന്റ് ആയാണ് ഇയാളുടെ വെല്ലുവിളി. വിവാദമായതിന് പിന്നാലെ ഇയാൾ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. കടയ്ക്കൽ സ്വദേശിയാണ് ഇയാൾ.
അതേസമയം, ആലപ്പുഴയിൽ കരിങ്കൊടി പ്രതിഷേധം നടത്തിയവരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച സംഭവത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി. മർദ്ദിച്ച ഉദ്യോഗസ്ഥൻ സന്ദീപിന്റെ വീടിന് മുന്നിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കുന്നത്. ബാരിക്കേഡ് മറച്ചിടാന്‍ ശ്രമിച്ചതോടെ പൊലീസുകാരും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.
പ്രവർത്തകർ പിരിഞ്ഞുപോകാത്തതോടെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പിണറായിയെ ചെരുപ്പ് മാല അണിയിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ പറഞ്ഞിരുന്നു.