ഗവർണർ ബാനർ അഴിപ്പിച്ചതിന് പിന്നാലെ കാലിക്കറ്റ് സർവ്വകലാശാലയിലെ ക്യാമ്പസിൽ വീണ്ടും ബാനർ കെട്ടി എസ്എഫ്ഐ. ക്യാമ്പസിനുള്ളിലെ ഗസ്റ്റ് ഹൗസിൽ തങ്ങുന്ന ഗവർണർ ഇന്ന് വൈകിട്ട് പൊലീസിനെക്കൊണ്ട് എസ്എഫ്ഐ കെട്ടിയ ’ഗോ ബാക്ക്’ ബാനറുകൾ അഴിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധവുമായെത്തിയ എസ്എഫ്ഐ കൂടുതൽ ബാനറുകൾ സ്ഥാപിച്ചു.
എസ്എഫ്ഐ ഗവർണറുടെ കോലം കത്തിക്കുകയും കൂടാതെ എബിവിപിയുടെ ബാനർ കത്തിക്കുകയും ചെയ്തു. ബാനർ അഴിപ്പിച്ചാൽ പകരം നൂറ് ബാനറുകൾ സ്ഥാപിക്കുമെന്ന് എസ്എഫ്ഐ നേരത്തെ തന്നെ പറഞ്ഞിരുന്നു. മാത്രമല്ല, ക്യാമ്പസിലെ ബാനറുകൾ അഴിപ്പിക്കാൻ പൊലീസിന് സാധിക്കില്ലെന്ന് ഗവർണർക്ക് അറിയില്ലേ എന്നാണ് എസ്എഫ്ഐ ചോദിക്കുന്നത്. ക്യാമ്പസിൽ ഗവർണർക്കെതിരെ കൂടുതൽ റോഡ് എഴുത്തുകളുമായും എസ്എഫ്ഐ. ‘Dont spit hans and pan parag’ എന്നാണ് എസ്എഫ്ഐയുടെ റോഡെഴുത്തുകൾ. ഗവർണർക്കെതിരെ ഇന്ന് രാത്രി കൂടുതൽ ബാനറുകൾ ഉയർത്തും.
’ഗോ ബാക്ക് ഗവർണർ’ അടക്കമുള്ള ബാനറുകളാണ് ഇന്ന് വൈകിട്ട് പൊലീസിനെക്കൊണ്ട് ഗവർണർ അഴിപ്പിച്ചത്. മുഖ്യമന്ത്രിക്കെതിരെയാണ് ബാനറെങ്കിൽ നിങ്ങളിങ്ങനെയാണോ എന്നാണ് ഗവർണർ പൊലീസിനോട് ചോദിച്ചത്. കാലിക്കറ്റ് സർവ്വകലാശാലയിൽ തനിക്കെതിരായി എസ്എഫ്ഐ സ്ഥാപിച്ചിട്ടുള്ള ബാനറുകൾ നീക്കം ചെയ്യണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. സർവ്വകലാശാലയിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്നിറങ്ങിയ ഗവർണർ ഫോണിൽ വിളിച്ചാണ് ബാനറുകള്‍ നീക്കാന്‍ നിർദ്ദേശം നൽകിയത്.
കേരളത്തിലെ സർവ്വകലാശാലയിൽ ഗവർണറെ പ്രവേശിപ്പിക്കില്ലെന്ന് എസ്എഫ്ഐ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെ, കോഴിക്കോട് ഗസ്റ്റ് ഹൗസിൽ താമസിക്കാൻ തീരുമാനിച്ച ഗവർണർ താമസം കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവര്‍ണറെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ ഇന്നലെ ക്യാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇത് അക്രമാസക്തമായി.