Newsperseconds.com

ബില്ലുകളില്‍ തീരുമാനം വൈകുന്നതുകൊണ്ടാണ് വിസിമാരുടെ നിയമനം വൈകാന്‍ കാരണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

Untitled Design (34)

ഹൈക്കോടതിയില്‍ ഗവര്‍ണറെ കുറ്റപ്പെടുത്തി സര്‍ക്കാര്‍. സര്‍വകലാശാല ഭേദഗതി ബില്ലുകളില്‍ തീരുമാനം വൈകുന്നതുകൊണ്ടാണ് വിസിമാരുടെ നിയമനം വൈകാന്‍ കാരണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്ഥിരം വിസിമാരെ ഉടന്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളുടെ നിയമനത്തില്‍ വെള്ളിയാഴ്ച ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കും.

സ്ഥിരം വൈസ് ചാന്‍സലര്‍മാരുടെ നിയമനം വൈകുന്നത് എന്തുകൊണ്ട് എന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യം. ഇതിനു മറുപടിയായാണ് ഗവര്‍ണറെ കുറ്റപ്പെടുത്തി സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. വൈസ് ചാന്‍സലര്‍മാരുടെ നിയമന അധികാരം ഗവര്‍ണ്ണറില്‍ നിന്ന് എടുത്തുകളയുന്നതാണ് നിയമ ഭേദഗതി. എന്നാല്‍, നിയമ ഭേദഗതിക്ക് അംഗീകാരമായിട്ടില്ല. ഇതുകൊണ്ടാണ് തീരുമാനം വൈകുന്നത്. മാത്രമല്ല, ഓരോ വിസിമാരുടെ നിയമന നടപടികളില്‍ സര്‍വകലാശാലകള്‍ക്ക് അനുസരിച്ച് വ്യത്യാസമുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ വിശദീകരിച്ചു.

സ്ഥിരം വിസി നിയമനം വൈകുന്നത് ചോദ്യം ചെയ്തുള്ള ഡോ. മേരി ജോര്‍ജ്ജിന്റെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഇക്കാര്യത്തില്‍ ഹെക്കോടതി ജനുവരി രണ്ടാംവാരം വാദം കേള്‍ക്കും. ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതിന് മുന്‍പുള്ള നടപടികളുടെ ഭാഗമായി ചാന്‍സലര്‍, സര്‍വകലാശാലാ വിസിമാര്‍, രജിസ്ട്രാര്‍മാര്‍ എന്നിവര്‍ വിശദീകരണം നല്‍കണം.

അതേസമയം, കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ചാന്‍സലറുടെ നിര്‍ദ്ദേശം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കും. സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനമെടുത്തോയെന്ന കാര്യത്തില്‍ കേരള സര്‍വകലാശാല നിലപാട് അറിയിക്കണം. രണ്ട് വ്യത്യസ്ത ഹര്‍ജികളില്‍ സിംഗിള്‍ ബെഞ്ച് വെള്ളിയാഴ്ച വിശദമായ വാദം കേള്‍ക്കും.

Share this Article

Leave a Comment