അഞ്ചുമാസമായി വിധവ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടർന്ന് മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചു. ജൂലൈ മാസത്തിലെ പെന്‍ഷനാണ് ഇതുവരെ ലഭിച്ചത്. ഇങ്ങനെ ലഭിക്കുന്ന 1600 രൂപയിൽ നിന്നാണ് മരുന്നുൾപ്പെടെയുള്ള അവശ്യസാധനങ്ങൾ വാങ്ങിയിരുന്നത്. പെന്‍ഷന്‍ മുടങ്ങിയതിനാല്‍ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്ന് മറിയക്കുട്ടി ഹെെക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാലാണ് പെൻഷൻ വെെകുന്നതെങ്കിൽ സംസ്ഥാനത്തിന് പണം നൽകാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മറിയക്കുട്ടിയുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും അടിമാലി പഞ്ചായത്തിന്‍റെയും വിശദീകരണം തേടി. ഹർജി മറ്റന്നാൾ വീണ്ടും പരിഗണിക്കും. മുടക്കിടക്കുന്ന പെന്‍ഷന്‍ മുഴുവന്‍ ലഭ്യമാക്കാന്‍ കോടതി ഇടപെടണമെന്നും ഹർജിയിലുണ്ട്.
മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ച് തെരുവിലേക്ക് ഇറങ്ങി സമരം ചെയ്തിരുന്നു. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷ യാചിച്ചത്. വാർത്തയ്ക്ക് പിന്നാലെ അടിമാലി സര്‍വീസ് സഹകരണ ബാങ്ക് അധികൃതര്‍ നേരിട്ടെത്തി ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കിയിരുന്നു.