ആലപ്പുഴ: ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ എസ് യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലും സെക്യൂരിറ്റി ഓഫീസര്‍ സന്ദീപുമടക്കം അഞ്ച് പ്രതികള്‍. മര്‍ദ്ദനമേറ്റ കെഎസ്യു ജില്ലാ പ്രസിഡന്റ് എഡി തോമസും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവല്‍ കുര്യാക്കോസും നല്‍കിയ ഹര്‍ജിയിലാണ് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. കെ എസ് യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഗണ്‍മാന്‍ മര്‍ദ്ദിക്കുന്നത് താന്‍ കണ്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സംഭവത്തില്‍ മര്‍ദ്ദനമേറ്റ പ്രവര്‍ത്തകരുടെ വിശദമായ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. തുടര്‍ന്ന് തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടും. ഇതിന് ശേഷം മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ അടക്കമുള്ള പ്രതികള്‍ക്ക് നോട്ടീസ് നല്‍കും. കേസില്‍ ഗണ്‍മാന്‍ അനില്‍ ഒന്നാം പ്രതിയും സെക്യൂരിറ്റി ഓഫീസര്‍ സന്ദീപ് രണ്ടാം പ്രതിയുമാണ്. കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് മറ്റ് മൂന്ന് പ്രതികള്‍.