അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ജെസ്‌ന മരിയ ജയിംസിന്റെ കേസ് അന്വേഷണം സിബിഐ അവസാനിപ്പിച്ചു. ജെസ്‌ന തിരോധാനക്കേസില്‍ സിബിഐയുടെ കൊച്ചി യൂണിറ്റ് ആയിരുന്നു അന്വേഷണം നടത്തിയത്. ജെസ്‌നയെ കണ്ടെത്താനായില്ല എന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ജസ്‌ന എവിടെ എന്നതില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ജീവിച്ചിരിപ്പുണ്ടോ മരിച്ചതാണോ എന്ന് പോലും ഇത് വരെ ആര്‍ക്കും അറിയില്ല. 2018 മാര്‍ച്ച് 22നാണു മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് ജസ്‌ന ഇറങ്ങിയത്. ജസ്‌ന റോഡിലൂടെ പോകുന്നത് വരെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ പിന്നീട് ജസ്‌നയെ ആരും കണ്ടിട്ടില്ല. പല വഴിക്കും പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും ജസ്‌നയെ കണ്ടെത്താനായില്ല.
ജസ്ന വിവാഹം കഴിച്ച് വിദേശത്തുണ്ടെന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഈ നിഗമനം തള്ളിയാണ് സിബിഐ അന്വേഷണം നടത്തിയത്. എന്നാല്‍ സിബിഐ നടത്തിയ അന്വേഷണത്തിലും ജെസ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ക്ലോഷര്‍ റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. തിരോധാനം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമ്പോള്‍ തുടര്‍ അന്വേഷണം നടത്താമെന്ന് സിബിഐ അറിയിച്ചു.