കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസത്തില്‍ എത്തി നില്‍ക്കുമ്പോള്‍ കോഴിക്കോടിനെ പിന്നിലാക്കി കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്തെത്തി. 292 പോയന്റാണ് ജില്ല ഇതുവരെ നേടിയത്. 287 പോയിന്റുമായി കോഴിക്കോടും കൊല്ലവും രണ്ടാം സ്ഥാനത്ത് ഉണ്ട്. പാലക്കാട് ജില്ല അഞ്ചാം സ്ഥാനത്തും മലപ്പുറം ആറാം സ്ഥാനത്തുമാണ്.
അതേ സമയം, ഒപ്പനയും നാടോടി നൃത്തവും ഭരതനാട്യവുമെല്ലാം ആവേശത്തോടെ മുന്നേറുകയാണ്. കലോത്സവനഗരിയിലേക്ക് കലാപ്രേമികളുടെ ഒഴുക്ക് തുടരുകയാണ്. ഒപ്പന നടക്കുന്ന വേദിയില്‍ കാണികള്‍ കവിഞ്ഞു നിറഞ്ഞിരിക്കുകയാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗം മത്സരങ്ങളിലൂടെയാണ് കണ്ണൂര്‍ ജില്ല മുന്നിലെത്തി നില്‍ക്കുന്നത്. എല്ലാ വേദികളിലും കാഴ്ചക്കാര്‍ നിറഞ്ഞിരിക്കുകയാണ്. രാത്രിയാകുന്നതോടെ കൂടുതല്‍ ആളുകള്‍ എത്തുമെന്നാണ് സംഘാടകരും പ്രതീക്ഷിക്കുന്നത്.