സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് മൂന്നാം ദിനം. കണ്ണൂർ ജില്ല കുതിപ്പ് തുടരുന്നു. ഏറ്റവുമൊടുവിൽ ഫലമറിയുമ്പോൾ 674 പോയിന്‍റുമായി കണ്ണൂർ ജില്ലയാണ് മുന്നിലുള്ളത്. തൊട്ടു പിന്നിലായി കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം മുന്നേറ്റം തുടരുകയാണ്. ഇരുവർക്കും 663 പോയിന്‍റ് വീതമാണുള്ളത്.
ഇന്ന് 54 മത്സര ഇനങ്ങളാണ് വേദിയിലെത്തുക. ഹൈസ്കൂൾ വിഭാഗം സംഘനൃത്തവും, നാടകവും മിമിക്രിയുമാണ് ഇന്ന് അരങ്ങിലെത്തുന്ന ജനപ്രിയ ഇനങ്ങൾ. ഞായറാഴ്ചയായതിനാൽ കാഴ്ചക്കാരുടെ വലിയ പങ്കാളിത്തവും പ്രതീക്ഷിക്കുന്നുണ്ട്. ഓരോ ദിവസവും ജനപങ്കാളിത്തം കൂടിവരുന്നതും മത്സരം മുറുകുന്നതും സംസ്ഥാന കലോത്സവത്തിന്‍റെ ആവേശം കൂട്ടുകയാണ്.