തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെ തുടര്‍ന്ന് പലയിടത്തും യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം. പത്തനംതിട്ടയിലും മലപ്പുറത്തും കൊല്ലത്തും തൃശ്ശൂരിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ കയറി രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. പാലക്കാട് ടൗണ്‍ സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പത്തനംതിട്ട അടൂരില്‍ ആന്റോ ആന്റണി എംപി അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്.
അതേ സമയം, രാഹുലിനെ കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. രാഹുലിനെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞപ്പോള്‍ ബലം പ്രയോഗിച്ചാണ് പോലീസ് വാഹനത്തിലേക്ക് കയറ്റിയത്. പോലീസും രാഹുലും തമ്മില്‍ ബലപ്രയോഗം നടന്നു. രാഹുലിനെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യപേക്ഷയില് ഉച്ചയ്ക്ക് ശേഷമാണ് കോടതി വിധി പറയുക. അറസ്റ്റില്‍ വ്യാപക പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നത്.