ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് മലപ്പുറത്തെത്തും. അന്തരിച്ച മുൻ എംഎൽഎയും, കോൺഗ്രസ് നേതാവുമായിരുന്ന പി ടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് എത്തുക. രാവിലെ പതിനൊന്നിന് എരമംഗലത്ത് നടക്കുന്ന പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്യും
അതേസമയം, കോണ്‍ഗ്രസിന്റെ പരിപാടിയിൽ ഗവർണറെ പങ്കെടുപ്പിക്കുന്നതിനെതിരെ നേരത്തെ മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി എതിർപ്പ് അറിയിച്ചിരുന്നു. ‘ഗവര്‍ണര്‍ ചുമതലയ്ക്കു പകരം ആർ എസ് എസിന്റെ നേതാവാകേണ്ട ഒരാളെ കോണ്‍ഗ്രസിന്റെ മതേതര പരിപാടിയിലേക്ക് കൊണ്ടുവരരുത് എന്നായിരുന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂരിന്റെ പ്രതികരണം. പിന്നീട് കോൺഗ്രസ് നേതൃത്വം ഇടപ്പെട്ടാണ് വിവാദം അവസാനിപ്പിച്ചത്.
യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി അജയ് മോഹന്‍ പ്രധാന സംഘാടകനായ പരിപാടിയിൽ വി എം സുധീരനും, രമേശ് ചെന്നിത്തലയും പങ്കെടുക്കും. എസ്എഫ്ഐയുടെ പ്രതിഷേധ സമരങ്ങൾങ്ങൾക്കിടെ കാലിക്കറ്റ് സർവകലാശാലയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ട് ആഴ്ച്ചയ്ക്ക് ശേഷമാണ് വീണ്ടും മലപ്പുറത്ത് എത്തുന്നത്.