യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി റിമാന്റ് ചെയ്തതിന് പിന്നാലെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് മാർച്ചും വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിലേക്കും മണ്ഡലം ആസ്ഥാനങ്ങളിലേക്കും യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ “സമരജ്വാല” എന്ന പേരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചതായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ അറിയിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ അറസ്റ്റിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. പൊലീസിന്റെ അസാധാരണ നടപടിക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്നും അബിൻ വർക്കി പറഞ്ഞു. കഴിഞ്ഞമാസം 20ന് നടന്ന യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിലെ കേസിൽ നാലാം പ്രതിയാാണ് രാഹുൽ മാങ്കൂട്ടം. കഴിഞ്ഞ ദിവസം പുലർച്ചെ അടൂരിലെ വീട്ടിൽ നിന്നാണ് കൻറോൺമെൻറ് പൊലീസ് രാഹുലിനെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്കെത്തിച്ചത്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിന്റെ പേരിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. 22 വരെ റിമാൻഡ് ചെയ്ത രാഹുലിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.