Newsperseconds.com

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ വിധി; 12 വയസ്സുള്ള സഹോദരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സഹോദരന് 123 വര്‍ഷം തടവ്; വിധിക്ക് പിന്നാലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

Untitled 1

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സഹോദരന് 123 വര്‍ഷം കഠിന തടവ് വിധിച്ച് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി. അരീക്കോട് സ്വദേശിയായ 12 വയസുകാരിയെ ആണ് പീഡനത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കിയത്. 19 വയസുകാരനായ സഹോദരന് 123 വര്‍ഷം ശിക്ഷയും ഏഴ് ലക്ഷം രൂപയുമാണ് കോടതി വിധിച്ചത്. മഞ്ചേരി പോക്സോ കോടതി ജഡ്ജി എ എം അഷ്റഫ് ആണ് ശിക്ഷ വിധിച്ചത്. 12 കാരി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

കോടതി വിധിക്ക് പിന്നാലെ പ്രതി കൈയിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പിഴ അടച്ചില്ലെങ്കില്‍ 11 മാസം അധിക തടവും അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം കൂടുതല്‍ നഷ്ട പരിഹാരം നല്‍കാന്‍ ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി നിര്‍ദേശിച്ചു. ശിക്ഷ വിധിക്ക് ശേഷം ജഡ്ജ്‌മെന്റ് കോപ്പിയില്‍ ഒപ്പിടാന്‍ കോടതിയുടെ ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

2019-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി സ്വന്തം വീട്ടില്‍ വച്ച് സഹോദരിയെ പീഡിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായ അതിജീവിത ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും കേസില്‍ പ്രതിയാണ്. വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാത്തതിനാലാണ് ഇയാളെ രണ്ടാം പ്രതിയാക്കിയത്. ഇയാള്‍ക്കെതിരെയുള്ള കേസ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് ഒന്നാം പ്രതിക്കെതിരെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിച്ചത്.

Share this Article

Leave a Comment