ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള കേസില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനിലെ (ജെകെസിഎ) സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഫാറൂഖ് അബ്ദുള്ളയെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
ശ്രീനഗര്‍ ലോക്സഭാ സീറ്റില്‍ നിന്നുള്ള എംപിയായ ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെ 2022ല്‍ ഇഡി കേസെടുത്തിരുന്നു. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. 86 കാരനായ അബ്ദുള്ളയോട് ശ്രീനഗറിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ട് ചോര്‍ത്തി, ഈ തുക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുവെന്നാണ് കേസ്.