ജനുവരി 22 ന് ബട്ടദ്രവയിലെ ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലം സന്ദര്‍ശിക്കുന്നത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒഴിവാക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ നാളെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കാന്‍ പോകുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ആധിപത്യമുള്ള പ്രദേശങ്ങളിലെ സെന്‍സിറ്റീവ് റൂട്ടുകളില്‍ കമാന്‍ഡോകളെ വിന്യസിക്കുമെന്ന് ശര്‍മ്മ പറഞ്ഞു.
അതേ സമയം, അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന സമയത്ത് ബട്ടദ്രവയിലെ ക്ഷേത്രത്തിലും ഭക്തരുടെ തിരക്ക് ഉണ്ടാവുമെന്നും സുരക്ഷയുടെ ഭാഗമായാണ് രാഹുലിന് വിലക്കേര്‍പ്പെടുത്തുന്നതെന്നുമാണ് വിശദീകരണം. വൈകീട്ട് മൂന്ന് മണിക്ക് ശേഷം രാഹുല്‍ ഗാന്ധിക്ക് ബട്ടദ്രവ സത്രം സന്ദര്‍ശിക്കാമെന്നും മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു.