ചെന്നൈ: ഇന്ന് നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളോട് അനുബന്ധിച്ചു പ്രത്യേക പൂജകളെ ചൊല്ലി തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍-ബിജെപി പോര്. രാജ്യത്താകെ പല ക്ഷേത്രങ്ങളിലും ഇന്ന് പ്രത്യേക പൂജയും അന്നദാനവും നടക്കാനിരിക്കുമ്പോള്‍ തമിഴ്‌നാട്ടിലെ ദേവസ്വം ക്ഷേത്രങ്ങളില്‍ പൂജയ്ക്കും അന്നദാനത്തിനും വിലക്കെന്ന് ബിജെപി ആരോപിച്ചു.
അതേ സമയം, ദേവസ്വം വകുപ്പ് ജീവനക്കാരന്റെ സംഭാഷണം എന്ന പേരില്‍ ശബ്ദരേഖയും ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ പുറത്തുവിട്ടു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗം ആരോപണം തള്ളികൊണ്ട് അന്നദാനത്തിന്റെ രസീതുകള്‍ അടക്കം പുറത്തുവിട്ടിട്ടുണ്ട്. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിന്റെ പേരില്‍ അന്നദാനം നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ തമിഴ്‌നാട്ടില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി പ്രത്യേക പൂജകള്‍ക്കും അന്നദാനങ്ങള്‍ക്കും അനുമതിയില്ലെന്ന് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ ആരോപിച്ചതിന് പിന്നാലെയാണ് വിവാദം തിരികൊളുത്തിയത്.