അയോധ്യയിൽ ശ്രീരാമനെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്ര നിർമ്മാണം ചരിത്രത്തിലെ നാഴികക്കല്ലാണ്. രാമൻ ടെന്റിൽ നിന്ന് ദിവ്യമന്ദിരത്തിലേക്കാണ് എത്തിയിരിക്കുന്നത്. അയോധ്യയിലേക്ക് എത്താൻ വെെകിയതിന് രാമനോട് ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ശേഷം ജനങ്ങളെ അഭിസംഭബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ഒരു തീയതി എന്നതിനപ്പുറം പുതിയ കാലചക്രത്തിന്റെ തുടക്കമാണിത്. ഭാരതത്തിന്റെ നീതി വ്യവസ്‌ഥ രാമന് നീതി നൽകി. അടിമത്തത്തിന്റെ മാനസികാവസ്ഥ വെടിഞ്ഞ് രാജ്യം സ്വാഭാവിമാനം വീണ്ടെടുത്തു. ഇനിയുള്ള എല്ലാ കാലവും ഈ ദിവസം രാജ്യം ഓർത്തുവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തൃപ്രയാർ രാമക്ഷേത്രത്തേയും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. രാമ നിർദേശമനുസരിച്ചാണ് ക്ഷേത്രങ്ങൾ കണ്ടത്. സാഗരം മുതൽ സരയു വരെ സന്ദർശിക്കാൻ രാമൻ തനിക്ക് അവസരം നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാംലല്ലയെ പ്രതിഷ്ഠിച്ചത്. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്. 12:29:8 മുതൽ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിലായിരുന്നു പ്രാണ പ്രതിഷ്ഠ ചടങ്ങ്.