ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിക്കും. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ മഹാറാലിയെ മോദി ഇന്ന് അഭിസംബോധന ചെയ്യും. അയോധ്യയിലേക്ക് തീർത്ഥാടകരെ എത്തിക്കുന്ന ബിജെപിയുടെ ചലോ അയോധ്യ ക്യാമ്പയിനും ഇന്ന് തുടക്കമാകും.
താര പ്രചാരകനായി നരേന്ദ്ര മോദി തന്നെ എത്തുന്നതോടെ ഉത്തർ പ്രദേശിലെ തിരഞ്ഞെടുപ്പ് രംഗം ഇന്ന് മുതൽ ചൂട് പിടിക്കും. ബുലന്ദ്ഷഹറിൽ മഹാറാലിയില്‍ അഞ്ച് ലക്ഷം പേർ പങ്കെടുക്കും. 80 ലോക്സഭ മണ്ഡലങ്ങൾ ഉള്ള ഉത്തർപ്രദേശിൽ എല്ലാ സീറ്റുകളിലേയും വിജയമാണ് ബിജെപിയുടെ ലക്ഷ്യം.
20 മണ്ഡലങ്ങളുള്ള നാല് മേഖലകളായി തിരിച്ചാണ് ഉത്തർ പ്രദേശിൽ ബിജെപി പ്രചാരണം. അയോധ്യ തന്നെയാണ് ബിജെപിയുടെ പ്രധാന പ്രചാരണ വിഷയം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വികസന നേട്ടങ്ങളും ഉയർത്തിക്കാട്ടും. എല്ലാ ലോക്സഭാ മണ്ഡലങ്ങളിൽ നിന്നും തീർഥാടകരെ അയോധ്യയിലെത്തിക്കും. രണ്ട് കോടി തീർഥാടകരെ അയോധ്യയിൽ എത്തിക്കാനാണ് നീക്കം.