ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. അടുത്ത 4 ദിവസത്തേക്ക് 6 സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് അതിശൈത്യത്തിന്‍റെയും ശീതക്കാറ്റിന്‍റെയും പശ്ചാത്തലത്തിൽ ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഈ സംസ്ഥാനങ്ങളിൽ ജനുവരി 28 വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ തലസ്ഥാനത്ത് ജനുവരിയിൽ ഇതുവരെ 5 ശൈത്യതരംഗ ദിവസങ്ങളാണ് അനുഭവപ്പെട്ടത്. ഇത് കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതാണെന്നാണ് റിപ്പോർട്ട്.
അതേസമയം, ഡൽഹിയിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ജനുവരി 25 മുതൽ 28 വരെ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ നേരിയ മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ ഏജൻസിയുടെ പ്രവചനം.
കാഴ്ചാപരിധി കുറഞ്ഞതോടെ ഡൽഹിയിലേക്കുള്ള 24 ട്രെയിനുകൾ വൈകി. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 150 ലധികം വിമാനങ്ങളും വൈകിയാണ് സർവീസ് നടത്തുന്നത്. ഞായറാഴ്ച വരെ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ വ്യാഴാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 3 ഡിഗ്രി സെൽഷ്യസായിരുന്നു.