ബെംഗളൂരുവിൽ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും നാല് വയസുകാരി മരിച്ച സംഭവത്തില്‍ ആയമാരെ പൊലീസ് ചോദ്യം ചെയ്തു പൊലീസ്. പ്രിന്‍സിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പലും ചങ്ങനാശ്ശേരി സ്വദേശിയുമായ തോമസ് ചെറിയാന്‍, കണ്ടാല്‍ അറിയാവുന്ന മറ്റൊരു ജീവനക്കാരന്‍ എന്നിവരെ പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഐടി ജീവനക്കാരനായ കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫ്- ബിനീറ്റ ദമ്പതികളുടെ മകള്‍ ജിയന്ന ആന്‍ ജിറ്റോ ആണ് മരിച്ചത്. സ്‌കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിനിടയാക്കിയതെന്ന് ജിയന്നയുടെ കുടുംബം ആരോപിച്ചു. കുട്ടിയെ നോക്കാന്‍ ചുമതലയുണ്ടായിരുന്ന ആയ മോശമായി പെരുമാറിയെന്നും മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആയമാരെ പൊലീസ് ചോദ്യം ചെയ്യുന്നത്.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ബെംഗളൂരുവിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് ജിയന്ന മരിച്ചത്. ഇത്ര ചെറിയ കുട്ടി ഒറ്റയ്ക്ക് എങ്ങനെ ടെറസില്‍ എത്തിയെന്നതില്‍ ദുരൂഹതയുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു.