ദില്ലി : സിബിഎസ്ഇ സാമൂഹികപാഠപുസ്തകത്തില്‍ ഇന്ത്യക്ക് പകരം ഭാരതം എന്നാക്കാന്‍ ശുപാര്‍ശ. എന്‍സിഇആര്‍ടി സോഷ്യല്‍ സയന്‍സ് പാനലിന്റെയാണ് നിര്‍ദ്ദേശം. പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ സാമൂഹികപാഠപുസ്തകങ്ങളിലാണ് ഇന്ത്യക്ക് പകരം ഭാരതം എന്നാക്കുന്നത്. ശുപാര്‍ശ വിവാദമായതോടെ തണുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. സിഐ ഐസക് അധ്യക്ഷനായ ഉപസമിതി ഒറ്റക്കെട്ടായിട്ടാണ് ശുപാര്‍ശ സമര്‍പ്പിച്ചത്.
സമിതിയുടെ നിലപാട് സര്‍ക്കാരിന്റേതല്ലെന്നും, വിവാദമുണ്ടാക്കുന്നവര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടിനായി കാക്കണമെന്നും ഒരു തീരുമാനവുമുണ്ടായിട്ടില്ലെന്നും എന്‍സിഇആര്‍ടി അദ്ധ്യക്ഷന്‍ ദിനേശ് സക്ലാനി വിശദീകരിച്ചു. വിവാദമായതോടെയാണ് വിശദീകരണം. പാഠഭാഗങ്ങളിലെ മാറ്റം അടക്കം സമിതി നല്‍കിയ മൂന്ന് ശുപാര്‍ശകളില്‍ ഒന്നാണ് ഇന്ത്യക്ക് പകരം ഭാരത് എന്ന് ഉപയോഗിക്കുകയെന്നത്. ബ്രിട്ടീഷ് ഭരണക്കാലത്താണ് ഇന്ത്യ എന്ന് വാക്ക് ഉപയോഗിച്ചതെന്നും അതിന് മുന്‍പ് തന്നെ ഭാരത് എന്ന പ്രയോഗം നിലവിലുണ്ടെന്നും സമിതി പറയുന്നു. ചരിത്രപഠനത്തിനും കാതലായ മാറ്റം സമിതി മുന്നോട്ട് വെക്കുന്നുണ്ട്.