ലഖ്നൗ: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഭാരതീയ ജനതാ പാര്‍ട്ടി എംപി റീത്ത ബഹുഗുണ ജോഷിക്ക് ലഖ്നൗ കോടതി ആറുമാസം തടവും 1,100 രൂപ പിഴയും വിധിച്ചു. 2012ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിലാണ് റീത്ത പെരുമാറ്റ ചട്ടം ലംഘിച്ചത്.
പ്രയാഗ്രാജില്‍ നിന്നുള്ള നിലവിലെ ബിജെപി എംപിയായ ജോഷിയെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി പെരുമാറ്റച്ചട്ടം ലംഘിച്ച് യോഗം നടത്തിയതിന് എംപി-എംഎല്‍എ കോടതിയുടെ പ്രത്യേക അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആണ് ശിക്ഷ വിധിച്ചത്.
2012 ഫെബ്രുവരി 17-ന് ലഖ്നൗ നിയമസഭാ കാന്റ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ജോഷി കൃഷ്ണ നഗറിലെ ബജ്റംഗ് നഗര്‍ പ്രദേശത്ത് പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രചാരണം നടത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രചാരണ സമയം കഴിഞ്ഞിട്ടും ജോഷി ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുവെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു.