ന്യൂഡല്‍ഹി: കര്‍ഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പോസ്റ്റുകളും ബ്ലോക്ക് ചെയ്യാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉത്തരവിട്ടെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ എക്‌സ്. ചില അക്കൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്നാണ് എക്‌സിന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍, സര്‍ക്കാരിന്റെ നടപടിയില്‍ വിയോജിപ്പ് അറിയിക്കുകയും ബാധിത പോസ്റ്റുകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം നല്‍കണമെന്ന് ആവശ്യപ്പെടുകയും എക്‌സ് പ്ലാറ്റ് ഫോം അധികൃതര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം കര്‍ഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട 177 അക്കൗണ്ടുകള്‍ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യാന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഉത്തരവിട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.
അതിനിടെ, പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ പ്രതിഷേധ കേന്ദ്രങ്ങളിലൊന്നില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു പ്രതിഷേധക്കാരന്‍ കൊല്ലപ്പെടുകയും 12 ഓളം പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്ന് കര്‍ഷക നേതാക്കള്‍ ബുധനാഴ്ച ദേശീയ തലസ്ഥാനത്തേക്കുള്ള മാര്‍ച്ച് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവച്ചു.