ബാഗ്ലൂര്‍: രാമേശ്വരം കഫേയില്‍ നടന്ന സ്ഫോടനത്തിന് കാരണമായത് തീവ്രത കുറഞ്ഞ സ്ഫോടകവസ്തുവാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. കഫെയിലുണ്ടായത് ഐഇഡി സ്ഫോടനമെന്ന് സ്ഥിരീകരിച്ചു. ബാഗിലുണ്ടായിരുന്ന സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. സംശയാസ്പദമായി ഒരാള്‍ ബാഗ് കൊണ്ടുവെക്കുന്നത് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
സ്ഫോടനത്തിന്റെ കാരണവും സ്വഭാവവും കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സംഭവത്തെ രാഷ്ട്രീയവത്കരിക്കരുത്, എല്ലാവരും സഹകരിക്കണം, ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീട് നടത്തിയ പരിശോധനയിലാണ് സ്ഫോടനമാണെന്ന് വ്യക്തമായത്.