ബെംഗളൂരു: വൈറ്റ്ഫീല്‍ഡ് ഏരിയയിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റതായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ സ്ഥിരീകരിച്ചു. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട്, സ്ഫോടകവസ്തുക്കള്‍ ആക്ട് എന്നിവയുടെ വകുപ്പുകള്‍ പ്രകാരമാണ് എച്ച്എഎല്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
ബെംഗളൂരുവിലെ തിരക്കേറിയ രാമേശ്വരം കഫേയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്ഫോടനം നടന്നത്. തിരക്കേറിയ ഉച്ചഭക്ഷണസമയത്ത് സമീപത്തെ ഓഫീസുകളില്‍ നിന്ന് ജനക്കൂട്ടമെത്തും. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ഏകദേശം 28-30 വയസ്സ് പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍ കഫേയില്‍ വന്നു. കൗണ്ടറില്‍ റവ ഇഡ്ഡലി വാങ്ങി. ബാഗ് ഒരു മരത്തിനടുത്ത് കഫേയോട് ചേര്‍ന്ന് വെച്ചിട്ട് പോയി. ഒരു മണിക്കൂറിന് ശേഷം സ്ഫോടനം ഉണ്ടായെന്ന് ശിവകുമാര്‍ പറഞ്ഞു.
വാതക ചോര്‍ച്ചയാണ് സ്ഫോടനത്തിന് കാരണമായതെന്ന് ആദ്യം സംശയം തോന്നിയെങ്കിലും അജ്ഞാതന്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുവാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ഏഴോളം സംഘങ്ങള്‍ സ്ഫോടനം അന്വേഷിക്കുന്നുണ്ടെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ശിവകുമാര്‍ അറിയിച്ചു. പരിക്കേറ്റ പത്ത് പേരും ചികിത്സയിലാണ്.