കൊല്‍ക്കത്ത: ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ ലൈന്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം ഒന്നിലധികം മെട്രോ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്തു. ഹൗറ മൈതാന്‍-എസ്പ്ലനേഡ് സെക്ഷന്‍ എന്ന് വിളിക്കപ്പെടുന്ന പുതിയ മെട്രോ ലൈന്‍ ഒരു പ്രധാന നദിക്ക് താഴെയുള്ള രാജ്യത്തെ ആദ്യത്തെ ഗതാഗത തുരങ്കമായിരിക്കും. 4,965 കോടി രൂപയാണ് ഈ പദ്ധതിയുടെ ചെലവ്. കിഴക്കും പടിഞ്ഞാറും തീരത്തുള്ള കൊല്‍ക്കത്ത, ഹൗറ നഗരങ്ങളെ വേര്‍തിരിക്കുന്ന ഹൂഗ്ലി നദിക്ക് താഴെയാണ് ഇത് കടന്നുപോകുന്നത്.
ഉദ്ഘാടന പരിപാടിക്ക് ശേഷം സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം എസ്പ്ലനേഡില്‍ നിന്ന് ഹൗറ മൈതാനത്തേക്ക് മോദി മെട്രോ സവാരി നടത്തി. എസ്പ്ലനേഡ് ലൈനിന്റെ തരാതല-മജെര്‍ഹട്ട് സെക്ഷന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. റെയില്‍വേ ലൈനുകള്‍, പ്ലാറ്റ്ഫോമുകള്‍ എന്നിവയ്ക്ക് കുറുകെയുള്ള സവിശേഷമായ എലവേറ്റഡ് ഇന്‍സ്റ്റാളേഷനാണ് മജര്‍ഹട്ട് മെട്രോ സ്റ്റേഷന്‍.