ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത മക്കളെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തതിനെതിരെ പിതാവ് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ പ്രതികളുടെ ആളുകള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്.
ഇഷ്ടിക ചൂളയിലാണ് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളും പീഡനത്തിനിരയായത്. സംഭവത്തിന് പിന്നാലെ സഹോദരിമാര്‍ ആത്മഹത്യ ചെയ്തു. ഇതിന് പിന്നാലെയാണ് പിതാവും ജീവനൊടുക്കിയത്. ബുധനാഴ്ച വൈകിട്ടാണ് വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ 45 കാരന്റെ മൃതദേഹം കണ്ടെത്തിയത്.