Newsperseconds.com

പ്രധാനമന്ത്രി ഉജ്വല്‍ യോജന ഗ്യാസ് കണക്ഷന്‍ വിതരണം; നെടുങ്ങാട് വാര്‍ഡില്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു

Capture

തിരുവനന്തപുരം: പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയുടെ ഭാഗമായുള്ള ഗ്യാസ് കണക്ഷന്‍ വിതരണം നെടുങ്ങാട് വാര്‍ഡില്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിയിലൂടെ ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് വീട്ടമ്മമാര്‍ക്ക് കുറഞ്ഞ നിരക്കില്‍ പാചകവാതകം എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെമ്പാടുമുള്ള സ്ത്രീകള്‍ക്ക് വീടുകളില്‍ പാചകവാതക കണക്ഷന്‍ ലഭിക്കുകയെന്നതും പുകരഹിതവും മാലിന്യവിമുക്തവുമായ ആരോഗ്യകരമായ ജീവിതം നയിക്കാന്‍ വേണ്ടിയുമാണ് ഈ പദ്ധതി തുടങ്ങിയത്.

2021 മുതല്‍ ഈ പദ്ധതിയുടെ ഭാഗമായി ഗ്യാസ് സ്റ്റൗവും ആദ്യ റീഫില്ലും സൗജന്യമായി നല്‍കി വരുന്നുണ്ട്. ഇതിനു പുറമെ ഉപഭോക്താക്കള്‍ക്ക് സബ്സിഡി തുക നേരിട്ട് അക്കൗണ്ടിലേക്ക് നല്‍കുന്ന പഹല്‍ പദ്ധതി പ്രകാരവും പാചക വാതക സിലിണ്ടറുകള്‍ വിതരണം ചെയ്തു വരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ പഹല്‍ പദ്ധതി പ്രകാരമുള്ള സിലിണ്ടറുകള്‍ക്ക് 200 രൂപ വിലയും കുറിച്ചിട്ടുണ്ട്. ഈ പദ്ധതികളിലൂടെ ഇന്ത്യയിലെ പാചക വാതക വിതരണം പത്തു വര്‍ഷത്തിനിടെ രണ്ടിരട്ടിയിലേറെ വര്‍ധിപ്പിക്കാനും കഴിഞ്ഞു. ഈ മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം 10.3 കോടി കണക്ഷനുകളാണ് വിതരണം ചെയ്തത്. അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് പാചക വാതകത്തിന് കുറഞ്ഞ നിരക്കും ഇന്ത്യയിലാണ്. 14.2 കി.ഗ്രാം സിലിണ്ടറിന് 603 രൂപയാണ് വില. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളവും എല്‍പിജി ലഭ്യതയുടെ ഏതാണ്ട് പൂര്‍ണത കൈവരിച്ചു. തിരുവനന്തപുരം ജില്ലയിലും ഏതാണ്ട് പൂര്‍ണമാണെന്നാണ് കണക്കുകള്‍.

2019 ഓടെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള അഞ്ചുകോടി കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍ പി ജി കണക്ഷന്‍ നല്‍കുവാന്‍ ഉദ്ദേശിച്ച് എന്‍ഡിഎ ഗവണ്‍മെന്റ് തുടങ്ങിവച്ച പദ്ധതിയാണ് പ്രധാന മന്ത്രി ഉജ്ജ്വല യോജന. ശുദ്ധമായ ഇന്ധനം, മെച്ചപ്പെട്ട ജീവിതം, മഹിളകള്‍ക്ക് അന്തസ്സ് എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കുടുംബത്തിലെ മുതിര്‍ന്ന വനിതയുടെ പേരിലായിരിക്കും ഈ പദ്ധതി പ്രകാരമുള്ള കണക്ഷന്‍ നല്‍കുക. അടുപ്പ് വാങ്ങുന്നതിനും ആദ്യത്തെപ്രാവശ്യം ഗ്യാസ്‌കുറ്റി നിറയ്ക്കുന്നതിനുമുള്ള ചെലവ് എണ്ണ കമ്പനികള്‍ നല്‍കും. കുടുംബങ്ങളിലെ വനിതകളുടെ പേരില്‍ കണക്ഷന്‍ നല്‍കുന്നത് ഗ്രാമീണ ഭാരതത്തില്‍ വനിതാ ശാക്തീകരണത്തിനും വഴിതെളിയിക്കും.

Share this Article

Leave a Comment