ഡല്‍ഹി: ശക്തമായ വിമര്‍ശനങ്ങള്‍ക്കിടയിലും പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാനുള്ള സര്‍ക്കാര്‍ വെബ്‌സൈറ്റ് സജ്ജമായി. indiancitizenshiponline.nic.in വെബ്‌സൈറ്റിലാണ് പൗരത്വത്തിന് അപേക്ഷിക്കേണ്ടത്. അപേക്ഷക നല്‍കുന്നവര്‍ക്ക് സ്വന്തം മൊബൈല്‍ നമ്പറും ഇമെയിലും വേണമെന്നത് നിര്‍ബന്ധമാണ്. വെബ്‌സൈറ്റില്‍ അപേക്ഷിച്ച് നിശ്ചിത തുകയുമടയ്ക്കണം.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ഇന്ത്യയിലുള്ളവര്‍ അതിന്റെ പകര്‍പ്പ് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിച്ച, ഇന്ത്യക്ക് പുറത്തുള്ളവര്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറലിന് പകര്‍പ്പ് സമര്‍പ്പിക്കണം. അപേക്ഷകന്റെ അപേക്ഷകയുടെ പശ്ചാത്തലം അടക്കം പരിശോധിച്ച് നിശ്ചിത സമയത്തിനകം നടപടി സ്വീകരിക്കുമെന്ന് പോര്‍ട്ടലില്‍ വ്യക്തമാക്കുന്നു.
രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രേഖകളില്ലാത്ത മുസ്ലീം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള വിവാദമായ പൗരത്വ (ഭേദഗതി) നിയമം ഇന്നലെയാണ് പ്രാബല്യത്തില്‍ വന്നത്.