ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ഒമ്പതാം പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. പാര്‍ട്ടിയുടെ ഏറ്റവും പുതിയ പട്ടികയില്‍ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. അഞ്ച് സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ കര്‍ണാടകയിലെ മൂന്ന് സ്ഥാനാര്‍ത്ഥികളും ഉള്‍പ്പെടുന്നു.
രാജസ്ഥാനില്‍ 2 സീറ്റില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചു. പകരം പുതിയ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ രാജസമന്ദില്‍ സുദര്‍ശന്‍ റാവത്തിന് പകരം ദാമോദര്‍ ഗുജ്ജര്‍ സ്ഥാനാര്‍ഥിയാകും. ഭില്‍വാഡയില്‍ മുന്‍ സ്പീക്കര്‍ സിപി ജോഷി സ്ഥാനാര്‍ത്ഥിയാകും. ഭില്‍വാഡയില്‍ ദാമോദര്‍ ജോഷിയായിരുന്നു നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി. ഇതോടെ ആകെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളുടെ എണ്ണം 208 ആയി.
ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ മൂന്ന് മണ്ഡലങ്ങളിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. എസ്ടി സ്ഥാനാര്‍ത്ഥിക്ക് സംവരണം ചെയ്തിട്ടുള്ള ബെല്ലാരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഇ തുക്കാറാമിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ ചാമരാജ്നഗറില്‍ സുനില്‍ ബോസിനെയും ചിക്കബല്ലാപ്പൂരില്‍ രക്ഷാ രാമയ്യയെയും മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ബുധനാഴ്ച കോണ്‍ഗ്രസ് എട്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിരുന്നു. ഏറെ ശ്രദ്ധിക്കപ്പെടുന്ന റായിബറേലി, അമേഠി മണ്ഡലങ്ങളില്‍ ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.