ന്യൂഡല്‍ഹി: വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയുടെ തെക്കന്‍ നിലവറയില്‍ ഹിന്ദു വിഭാഗത്തിന് പ്രാര്‍ത്ഥന തുടരാം. അനുമതിയില്‍ സ്റ്റേയില്ല. മസ്ജിദ് പരിസരത്ത് ഹിന്ദുക്കള്‍ നടത്തുന്ന മതപരമായ ആചാരങ്ങള്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയിലായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.
ഹിന്ദു വിഭാഗത്തിന് നിലവറയില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കിയ ജനുവരി 31ലെ ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള കമ്മിറ്റിയുടെ ഹര്‍ജി അലഹബാദ് ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മസ്ജിദിലെ വ്യാസ് തെഹ്ഖാനയില്‍ ഹിന്ദു വിഭാഗത്തിന് ആരാധന തുടരാമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.