Newsperseconds.com

അതിരാവിലെ സെല്‍ വൃത്തിയാക്കും; പുസ്തകങ്ങള്‍ വായിക്കും; മറ്റു തടവുകാരുമായി സംസാരിക്കാന്‍ പാടില്ല; മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ തിഹാര്‍ ജയില്‍ ദിനങ്ങള്‍ ഇങ്ങനെ

Capture

ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിഹാര്‍ ജയിലില്‍ കഴിയുന്നത് പുസ്തകങ്ങള്‍ വായിച്ചും യോഗ ചെയ്തു കൊണ്ടുമാണെന്ന് റിപ്പോര്‍ട്ട്. തിഹാറിലെ ജയില്‍ നമ്പര്‍ രണ്ടിലെ ജനറല്‍ വാര്‍ഡ് നമ്പര്‍ മൂന്നില്‍ സ്ഥിതി ചെയ്യുന്ന  14×8  അടി മുറിയിലാണ് കെജ്രിവാളിനെ പാര്‍പ്പിച്ചിരിക്കുന്നത്. ഒരു ദിവസത്തിന്റെ ഭൂരിഭാഗവും കെജ്രിവാള്‍ പുസ്തകങ്ങള്‍ വായിച്ചു തീര്‍ക്കാനാണ് ഉപയോഗിക്കുന്നത്. അദ്ദേഹം എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഏകദേശം ഒന്നര മണിക്കൂര്‍ യോഗ ചെയ്യുകയും ധ്യാനിക്കുകയും ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

തിഹാര്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന കെജ്രിവാള്‍ അതിരാവിലെ ഉണരുകയും തന്റെ സെല്‍ തൂത്തുവാരുകയും ചെയ്തു കൊണ്ടാണ് ദിനചര്യകള്‍ തുടങ്ങുന്നത്. പിന്നീട് വരാന്തയിലുള്ള ടിവി കണ്ടു നില്‍ക്കും. ഹാളിലെ ടിവി കണ്ടതിന് ശേഷം യോഗ ചെയ്യും. പിന്നീട് പ്രഭാതഭക്ഷണം കഴിക്കും. രണ്ട് കഷ്ണം ബ്രെഡും ചായയുമാണ് ആഹാരം. കെജ്രിവാളിനെ ഇത്തിരി അന്ധാളിപ്പിലും ആശയക്കുഴപ്പത്തിലുമാണ് കാണുന്നതെന്നും ജയിലിനുള്ളിലെ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നതായി തോന്നുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യസ്ഥിതിയില്‍ ഇതു വരെ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. രാവിലെയും വൈകുന്നേരവും ഡോക്ടര്‍മാര്‍ എത്തി ഷുഗര്‍, ബിപി മുതലായവ നോക്കുന്നുണ്ട്. 15 ദിവസത്തേക്ക് റൗസ് അവന്യു കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണ് കെജ്രിവാളിനെ ഏപ്രില്‍ ഒന്നിന് തീഹാര്‍ ജയിയിലേക്ക് എത്തിച്ചത്.

അദ്ദേഹത്തിന് നല്‍കിയ പുസ്തകങ്ങളില്‍ ഹൈന്ദവ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും, ഉള്‍പ്പെടുന്നു. തടവുകാര്‍ക്കായി ലൈബ്രറിയില്‍ ലഭ്യമായ പുസ്തകങ്ങളും കെജ്രിവാളിന് വായിക്കാന്‍ കഴിയുമെന്ന് ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ മറ്റ് പുസ്തകങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി നിര്‍ദ്ദേശപ്രകാരം ഒരു മേശയും കസേരയും ഒരു ഇലക്ട്രിക് കെറ്റിലും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്.

ജയില്‍ മാനുവല്‍ പ്രകാരം എല്ലാ തടവുകാര്‍ക്കും നല്‍കിയ പോലെ സെല്‍ വൃത്തിയാക്കാനുള്ള ചൂലും ബക്കറ്റും ഒരു തുണിക്കഷണവും അദ്ദേഹത്തിന്റെ സെല്‍ വൃത്തിയാക്കുന്നതിനായും നല്‍കിയിട്ടുണ്ട്. സെല്ലില്‍ സ്ഥാപിച്ചിട്ടുള്ള രണ്ട് സിസിടിവി ക്യാമറകള്‍ ഉപയോഗിച്ച് തിഹാര്‍ ഉദ്യോഗസ്ഥര്‍ക്ക് 24 മണിക്കൂറും ഇയാളെ നിരീക്ഷിക്കാനാകും. അദ്ദേഹത്തിന്റെ സെല്ലിന് പുറത്ത് ഒരു ചെറിയ ഇടമുണ്ട്. അതിനെ ലോബി എന്ന് വിളിക്കുന്നു. അവിടെയാണ് അദ്ദേഹം നടക്കാന്‍ ഇറങ്ങുന്നത്. സുരക്ഷാ കാരണങ്ങളാല്‍ മറ്റ് തടവുകാരെ കാണാന്‍ കെജ്രിവാളിന് അനുമതിയില്ല. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സും (സിആര്‍പിഎഫ്) തമിഴ്നാട് സ്പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു ക്വിക്ക് റിയാക്ഷന്‍ ടീമിനെ അദ്ദേഹത്തിന്റെ വാര്‍ഡിന് പുറത്ത് 24 മണിക്കൂറും വിന്യസിച്ചിട്ടുണ്ട്.

Share this Article

Leave a Comment