ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) നേതാവ് കെ കവിതയെ ജയിലിനുള്ളില്‍ വെച്ച് സിബിഐ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കൂടിയാണ് കവിത.
പ്രത്യേക കോടതിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം സി.ബി.ഐ ഉദ്യോഗസ്ഥര്‍ അടുത്തിടെ കവിതയെ ജയിലിനുള്ളില്‍ ചോദ്യം ചെയ്തത്. കൂട്ടുപ്രതിയായ ബുച്ചി ബാബുവിന്റെ ഫോണില്‍ നിന്നും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകളില്‍ നിന്നും കണ്ടെടുത്ത വാട്ട്സ്ആപ്പ് ചാറ്റുകളെ കുറിച്ച് ബിആര്‍എസ് നേതാവിനെ ചോദ്യം ചെയ്തു. അതിനുശേഷം എക്സൈസിനെ സ്വാധീനിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് (എഎപി) 100 കോടി രൂപ നല്‍കിയെന്നാണ് ആരോപണം. ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡിയുടെ ചോദ്യംചെയ്യലിനായാണ് കവിതയെ തീഹാര്‍ ജയിലിലേക്ക് മാറ്റിയത്.
ഹൈദരാബാദിലെ ബാന്ജറ ഹില്‍സിലുള്ള വസതിയില്‍ നിന്ന് മാര്‍ച്ച് 15നാണ് ഇഡി കവിതയെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ കോടതിയില്‍ ഹാജരാക്കിയ കവിതയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവായത്. പ്രത്യേക കോടതിയുടെ ഉത്തരവോടെയാണ് സിബിഐ തീഹാര്‍ ജയിലിനുള്ളില്‍ വച്ച് കവിതയെ ചോദ്യം ചെയ്തത്.