ചെന്നൈ: പ്രശസ്ത നടനും ഇന്ത്യന്‍ ജനനായക പുലിഗള്‍ പാര്‍ട്ടിയുടെ സ്ഥാപകനുമായ മന്‍സൂര്‍ അലി ഖാനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെല്ലൂരില്‍ ഇന്ന് പുലര്‍ച്ചെ പ്രചാരണം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന് പെട്ടെന്ന് നെഞ്ചില്‍ അസ്വസ്ഥത അനുഭവപ്പെട്ടത്.
വെല്ലൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നടന്‍ ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായി പ്രചാരണം നടത്തിയിരുന്നു. ഉള്‍ ഗ്രാമങ്ങളില്‍ പ്രചാരണം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ക്രമരഹിതമായ ഷെഡ്യൂള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നാണ് അധികൃതര്‍ അറിയിച്ചത്.
അടുത്തിടെയാണ് നടന്‍ ഡെമോക്രാറ്റിക് ടൈഗേഴ്‌സ് ഓഫ് ഇന്ത്യ എന്ന പേരില്‍ പുതിയ പാര്‍ട്ടി ആരംഭിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട മന്‍സൂര്‍ ഇത്തവണ അണ്ണാ ഡിഎംകെക്കൊപ്പം മത്സരിക്കാന്‍ നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് സ്വതന്ത്രനായി മത്സരരംഗത്തിറങ്ങിയത്.