2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില് വൈകുന്നേരം അഞ്ചുമണി വരെ 59.7 ശതമാനം പോളിങ് രേഖപ്പെടുത്തി. 21 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില് വിധിയെഴുതിയത്. രാജ്യത്തുടനീളം ഏഴ് ഘട്ടങ്ങളിലായി ജൂണ് ഒന്നിന് തെരഞ്ഞെടുപ്പ് അവസാനിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ജൂണ് 4ന് നടക്കും.
ഒന്നാം ഘട്ട വോട്ടെടുപ്പില് പശ്ചിമ ബംഗാളിലും ത്രിപുരയിലും ഉയര്ന്ന പോളിങ് ആണ് നടന്നത്. ബംഗാളില് 77.57 ശതമാനവും ത്രിപുരയില് 76.10 ശതമാനവും വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് ബിഹാറില്(43.32%) ആണ്. തമിഴ്നാട്ടില് 62.08 ശതമാനം പോളിങ് രേഖപ്പെടുത്തി. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്.
രാജസ്ഥാനില് 12 മണ്ഡലങ്ങളില് നടന്ന വോട്ടെടുപ്പില് 50.3 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള് ഉത്തര്പ്രദേശിലെ എട്ട് മണ്ഡലങ്ങളില് 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില് 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി. കേന്ദ്രമന്ത്രിമാരായ നിതിന് ഗഡ്കരി, ഭൂപേന്ദ്ര യാദവ്, കിരണ് റിജിജു, ജിതേന്ദ്ര സിങ്, അര്ജുന് റാം മേഘ്വാള്, സര്ബാനന്ദ സോനോവാള് തുടങ്ങിയവര് ഒന്നാം ഘട്ടത്തില് ജനവിധി തേടിയ പ്രമുഖര്.