ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് പരാതികള്‍. എന്നാല്‍ പരാതികള്‍ കിട്ടിയിട്ടും പ്രതികരിക്കാതെ നില്‍ക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്. വിവാദപ്രസംഗത്തില്‍ എല്ലാ പാര്‍ട്ടികളും പരാതി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസും സിപിഐഎമ്മും തൃണമൂല്‍ കോണ്‍ഗ്രസുമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തെരഞ്ഞടുപ്പ് കമ്മീഷന്റെ മൗനം കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്.
മോദിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള പരാതി പ്രവാഹവും തെരുവില്‍ ഉള്ള പ്രതിഷേധവും പ്രതിപക്ഷം തുടരും. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തിരിച്ചടിക്ക് സാധ്യത ഉള്ളതിനാല്‍ ഒരു പരിധിക്ക് അപ്പുറം വിഷയം ഉയര്‍ത്തണ്ട എന്ന നിലപാടും ഒരു പക്ഷം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉണ്ട്.പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പ് റാലികളില്‍ നിന്നടക്കം വിലക്കണമെന്ന ആവശ്യവും രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വെച്ചിരുന്നു. പൊതുജനങ്ങളെ സംഘടിപ്പിച്ച് പ്രധാനമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കൂട്ടപരാതി അയയ്ക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കം.