റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് പുതിയ സര്‍വ്വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് എയര്‍ അറേബ്യ. വിമാനങ്ങള്‍ ആഴ്ചയില്‍ 3 ദിവസം പ്രവര്‍ത്തിക്കും. നവംബര്‍ 22നാണ് പുതിയ സര്‍വീസ് ആരംഭിക്കുക. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസുകള്‍.
ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കോഴിക്കോട് എത്തും. രാത്രി 8.50ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം 11.25ന് റാസല്‍ഖൈമയിലെത്തും. ഞായറാഴ്ച ദിവസങ്ങളില്‍ രാവിലെ 10.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.10ന് കോഴിക്കോട് എത്തും. വടക്കന്‍ എമിറേറ്റിലുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കും യുഎഇയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും നേരിട്ടുള്ള വിമാന സര്‍വീസ് പ്രയോജനകരമാകുമെന്ന് എയര്‍ അറേബ്യ സിഇഒ ആദില്‍ അല്‍ അലി പറഞ്ഞു.
2014 മെയ് മാസത്തിലാണ് റാസല്‍ഖൈമയില്‍ നിന്ന് എയര്‍ അറേബ്യ പ്രവര്‍ത്തനം ആരംഭിച്ചത്. ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ എന്നിവയുള്‍പ്പെടെ യുഎഇയിലെ മൂന്ന് വിമാനത്താവളങ്ങളില്‍ എയര്‍ അറേബ്യ പ്രവര്‍ത്തിക്കുന്നുണ്ട്. എയര്‍ അറേബ്യയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ചോ കോള്‍ സെന്ററില്‍ വിളിച്ചോ ട്രാവല്‍ ഏജന്‍സികള്‍ മുഖേനയോ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് ഫ്ലൈറ്റ് ബുക്ക് ചെയ്യാം.