അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ വൈകുകയാണ്. രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കില്ലെന്ന് സൂചന നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്നോ റായ്ബറേലിയില്‍ നിന്നോ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറല്ലെന്നും കുടുംബാംഗങ്ങളെ ആരെയും ഈ സീറ്റുകളില്‍ മത്സരിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു.
ഇന്നലെ രാത്രി റായ്ബറേലിയില്‍ നില്‍ക്കാന്‍ രാഹുല്‍ ഗാന്ധി സമ്മതിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് തീരുമാനം മാറ്റി. കുടുംബാംഗങ്ങളാരും ഈ സീറ്റുകളില്‍ മത്സരിക്കാന്‍ രാഹുല്‍ ആഗ്രഹിക്കുന്നില്ലെന്നും നേതാവ് പറഞ്ഞു. വയനാട്ടില്‍ തുടരാനാണ് രാഹുല്‍ താല്‍പ്പര്യപ്പെടുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അഞ്ചാം ഘട്ടമായി മേയ് 20നാണ് അമേഠിയിലെ തിരഞ്ഞെടുപ്പ്. എന്നാല്‍ ഇതുവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മണ്ഡലത്തില്‍ നിശ്ചയിക്കാനായിട്ടില്ല, ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് നേതൃത്വം അറിയിക്കുന്നത്.
അടുത്ത 24-30 മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അന്തിമതീരുമാനം നല്‍കുമെന്ന് പാര്‍ട്ടി അറിയിച്ചു. പ്രഖ്യാപനം വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ അമേഠിയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അമേഠിയ്ക്ക് രാഹുലിനെയോ പ്രിയങ്കയെയോ സ്ഥാനാര്‍ഥിയായി വേണമെന്ന ആവശ്യവുമായാണ് പാര്‍ട്ടി ഓഫീസിന് മുന്നിലെ പ്രതിഷേധം. ചൊവ്വാഴ്ച പുറത്തിറക്കിയ പട്ടികയില്‍ അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്താതെ കോണ്‍ഗ്രസ് സസ്പെന്‍സ് നിലനിര്‍ത്തുകയായിരുന്നു. മറ്റന്നാളാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.