ബനിഹാല്‍: ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയില്‍ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിക്കുകയും പതിനൊന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കേരളത്തില്‍ നിന്നു പോയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാദാപുരം സ്വദേശി സഫ്വാന് പി.പി (23) ആണ് മരിച്ചത്. പരിക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ മുന്‍ ബിഫാം വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടവരില്‍ ആറുപേര്‍.
ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് വരികയായിരുന്ന ടെമ്പോ ട്രാവലര്‍ ബനിഹാലിലെ ഷബന്ബാസ് മേഖലയില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഒരു യാത്രക്കാരന് സംഭവസ്ഥലത്ത് തന്നെ മരിച്ചതായും പതിനൊന്ന് പേര് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.