പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മൂന്നാം ടേമില്‍ പ്രധാനമന്ത്രി കിസാന്‍ നിധിയുടെ 17-ാം ഗഡു പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ ഒപ്പിട്ടാണ് ചുമതല ഏറ്റെടുത്തത്. ഈ പദ്ധതിയിലൂടെ ഒന്‍പത് കോടിയിലേറെ കര്‍ഷകര്‍ക്ക് 20,000 കോടി രൂപ അനുവദിച്ചുള്ള ഫയലാണ് മോദി ഒപ്പ് വെച്ചത്. കര്‍ഷകരുടെ ഉന്നമനത്തിന് സമര്‍പ്പിതമായ സര്‍ക്കാരാണിത്. അതുകൊണ്ടാണ് കര്‍ഷക ക്ഷേമത്തിനുള്ള ഫയല്‍ ആദ്യം ഒപ്പിട്ടതെന്ന് മോദി വ്യക്തമാക്കി. നരേന്ദ്രമോദി മന്ത്രിസഭയില്‍ പുതുതായി ചുമതലയേറ്റ മന്ത്രിമാര്‍ക്കുള്ള വകുപ്പുകള്‍ വിതരണം ചെയ്യുന്നത് ഇന്ന് നടന്നേക്കും. പുതുതായി രൂപീകരിച്ച സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കും.
ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ നിര്‍ണായക തീരുമാനങ്ങള്‍ക്ക് സാധ്യതയുണ്ട്. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടി പ്രധാന ചര്‍ച്ചയാകുമെന്നാണ് വിവരം. ഒപ്പം പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഗ്രാമീണ മേഖലയില്‍ കൂടുതല്‍ വീടുകള്‍ അനുവദിക്കുന്നതിലും തീരുമാനം പ്രതീക്ഷിക്കുന്നു. ഞായറാഴ്ച വൈകുന്നേരം രാഷ്ട്രപതി ഭവനില്‍ പുതിയ മന്ത്രിമാര്‍ക്കൊപ്പം തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് 7.15ന് ആരംഭിച്ച ചടങ്ങില്‍ രാഷ്ട്രപതി ഭവന്റെ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ ബിജെപിയുടെ മുന്‍നിര സഹായികളായ രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിന്‍ ഗഡ്കരി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.