മുംബൈ: ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യ വിരല്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍. ഐസ്‌ക്രീം കമ്പനിയിലെ ജീവനക്കാരന്റെ വിരലാണ് ഐസ്‌ക്രീമില്‍ കുടങ്ങിയതെന്നാണ് പോലീസിന്റെ നിഗമനം. പൂനെ ഫാക്ടറിയിലെ ജീവനക്കാരന്റെ വിരലിന് പരിക്കേറ്റതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫാക്ടറിയില്‍ ഐസ്‌ക്രീം നിര്‍മ്മിക്കുന്നതിനിടെയാണ് ജീവനക്കാരന്റെ വിരലിന് പരിക്കേറ്റതെന്ന് പൊലീസ് പറയുന്നു. അതേ സമയം, ഐസ്‌ക്രീം കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. എഫ്എസ്എസ്എഐ യാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. എഫ്എസ്എസ്എഐയുടെ വെസ്റ്റേണ്‍ റീജിയന്‍ ഓഫീസില്‍ നിന്നുള്ള സംഘം ഐസ്‌ക്രീം കമ്പനിയില്‍ പരിശോധന നടത്തിയ ശേഷമാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.
യുവതിക്ക് വിരല്‍ ലഭിച്ച ദിവസമാണ് വിരല്‍ നഷ്ടപ്പെട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാല്‍ മാത്രമേ സംഭവത്തില്‍ വ്യക്തതയുണ്ടാകൂവെന്ന് പൊലീസ് പറയുന്നു. മുംബൈയിലെ മലാഡിലാണ് യുവ ഡോക്ടര്‍ സെപ്‌റ്റോ എന്ന ഓണ്‍ലൈന്‍ ആപ്പിലൂടെ ഐസ്‌ക്രീം വാങ്ങിയത്. ഐസ്‌ക്രീം ആസ്വദിച്ച് കഴിക്കുന്നതിനിടെ യുവതിയുടെ നാവില്‍ വിരലിന്റെ ഭാഗം തട്ടുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മനുഷ്യന്റെ വിരലാണെന്ന് കണ്ടെത്തിയത്. ഐസ്‌ക്രീമില്‍ തള്ളി നില്‍ക്കുന്ന വിരലിന്റെ ഭാഗം യുവതി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.