ബെംഗളൂരു: ഒന്നിലധികം ലൈംഗികാപീഡനക്കേസില്‍ പ്രതിയായ പ്രജ്വല്‍ രേവണ്ണയുടെ മൂത്ത സഹോദരനും ജനതാദള്‍-സെക്കുലര്‍ നേതാവുമായ സൂരജ് രേവണ്ണ ജെഡിഎസ് പ്രവര്‍ത്തകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍. ജൂണ്‍ 16 ന് കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ഒരു ഫാം ഹൗസില്‍ വെച്ച് ജെഡി(എസ്) നേതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 27 കാരനായ പാര്‍ട്ടി പ്രവര്‍ത്തകന്‍ രജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് സൂരജ് രേവണ്ണയ്ക്കെതിരെ കേസെടുത്തത്.
അതേസമയം, ആരോപണം നിഷേധിച്ച സൂരജ് രേവണ്ണ, തനിക്ക് 5 കോടി രൂപ നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ തനിക്കെതിരെ വ്യാജ പരാതി നല്‍കിയെന്ന് ആരോപിച്ചു. പീഡനത്തിനോട് സഹകരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും തന്നെ രാഷ്ട്രീയമായി വളരാന്‍ സഹായിക്കാമെന്നും സൂരജ് പറഞ്ഞതായി പരാതിക്കാരന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം വ്യാജമാണെന്നായിരുന്നു സൂരജ് രേവണ്ണയുടെ പ്രതികരണം.