ന്യൂഡല്‍ഹി: റിലയന്‍സ് ജിയോക്കും ഭാരതി എയര്‍ടെല്ലിനും ഒപ്പം ചേര്‍ന്ന് മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി താരിഫ് കൂട്ടി ഐഡിയയും വോഡഫോണും. രാജ്യത്തെ ടെലികോം മേഖലയിലെ മൂന്നാമത്തെ കമ്പനിയായ വോഡഫോണ്‍ ഐഡിയ ജൂലൈ 4 മുതല്‍ പ്രീപെയ്ഡ്, പോസ്റ്റ്-പെയ്ഡ് പ്ലാനുകളില്‍ 10% മുതല്‍ 23% വരെ താരിഫ് വര്‍ദ്ധിപ്പിക്കുമെന്ന് അറിയിച്ചു. നേരത്തെ ഭാരതി എയര്‍ടെല്‍ 10% മുതല്‍ 21% വരെയും റിലയന്‍സ് ജിയോ 13% മുതല്‍ 27% വരെയും തങ്ങളുടെ പാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ജൂലൈ മൂന്ന് മുതലാണ് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ മൊബൈല്‍ നിരക്കുകള്‍ വര്‍ധിക്കുന്നത്.
ഭാരതി എയര്‍ടെലും ജിയോയും യഥാക്രമം 10%-21%, 13%-27% എന്നിങ്ങനെ താരിഫ് ഉയര്‍ത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നു.വോഡാഫോണ്‍ ഐഡിയയുടെ മിനിമം പ്ലാനായ 179 രൂപയുടെ പ്ലാന്‍ 199 രൂപയാക്കിയാണ് വര്‍ധിച്ചത്. വോഡഫോണ്‍ ഐഡിയയുടെ പ്രതിദിനം 1.5 ജിബി ഡാറ്റയുള്ള 84 ദിവസത്തെ വാലിഡിറ്റി പ്ലാനിന്റെ നേരത്തെ 719 രൂപയില്‍ നിന്ന് 859 രൂപയായി ഉയര്‍ത്തി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട്ഫോണ്‍ വിപണിയാണ് ഇന്ത്യ. എങ്കിലും ഏറ്റവും കുറഞ്ഞ നിരക്കിലുള്ള താരിഫ് നിരക്ക് ഉള്ള രാജ്യമാണ് ഇന്ത്യ. 5 ജി അടക്കമുള്ള പുതിയ സംവിധാനത്തിലേക്ക് മാറാനുള്ള വലിയ ചിലവാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് നെറ്റ്വര്‍ക്ക് ദാതാക്കള്‍ പറയുന്നത്.
എയര്‍ടെലിന്റെ 455 രൂപയുടെ പ്ലാന്‍ 599 ആക്കിയും 1,799 രൂപയുടേത് 1,999 രൂപയാക്കിയുമാണ് വര്‍ധിപ്പിച്ചത്. പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ 399ന്റേത് 449 ആയും 499 രൂപയുടെ പ്ലാന്‍ 549 ആയും കൂടും. ജിയോയുടെ 75 ജി.ബിയുടെ പോസ്റ്റ്‌പെയ്ഡ് പാക്ക് 399 രൂപയുണ്ടായിരുന്നത് 449 രൂപയാക്കി വര്‍ധിപ്പിച്ചു. 666 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാനില്‍ 20 ശതമാനം വര്‍ധന വരുത്തി 799 രൂപയാക്കിയിട്ടുണ്ട്. 1,559 രൂപയുടെ പ്ലാന്‍ 1,899 രൂപയാക്കിയും 2,999 രൂപയുടേത് 3,599 രൂപയാക്കിയും കൂട്ടി