Newsperseconds.com

അപകടത്തിന് പിന്നില്‍ സാമൂഹ്യ വിരുദ്ധര്‍; ഹത്രസ് ദുരന്തത്തില്‍ ബാബയുടെ ആദ്യ പ്രതികരണം; ഉത്തരവാദിത്വം ഏറ്റെടുക്കാതെ ആള്‍ദൈവം

Capture

ന്യൂഡല്‍ഹി: ഹത്രസിലെ ദുരന്തത്തില്‍ പ്രതികരിച്ച് ഭോലെ ബാബ എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം നാരായണ്‍ സാകര്‍ ഹരി. 121 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും അപകടം നടന്നത് താന്‍ പോയതിന് ശേഷമാണെന്നും പറഞ്ഞു. തന്റെ അനുയായികളുടെ മരണത്തില്‍ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും ദാരുണമായ സംഭവത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ബാബ പ്രതികരിച്ചു. സംഭവത്തിനു പിന്നില്‍ സാമൂഹികവിരുദ്ധരാണെന്നും ബാബ ആരോപിച്ചു. മരണത്തില്‍ തന്റെ ദുഖം അറിയിച്ചെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ബാബ തയ്യാറായില്ല. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇയാളുടെ പ്രതികരണം

ബാബ യാത്ര ചെയ്ത കാര്‍ നീങ്ങിയപ്പോഴുണ്ടായ മണല്‍ ശേഖരിക്കാന്‍ ജനങ്ങള്‍ തിക്കും തിരക്കും കൂട്ടിയതാണ് അപകടത്തിന് പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട്. അലിഗഢില്‍ എല്ലാ ചൊവ്വാഴ്ചയും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഭോലെ ബാബയുടെ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്നാണ് വിവരം. ഈ പരിപാടികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ഭക്ഷണ വിതരണവും ഉണ്ടാകാറുണ്ട്. എന്നാല്‍
ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടിയിലേക്ക് കടക്കാനും പുറത്തിറങ്ങാനും ഒരു വഴി മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. യാതൊരു വിധ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പരിപാടി നടന്നതെന്നും പോലീസ് പറഞ്ഞു.

Share this Article

Leave a Comment