ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര പുരോഹിതന്മാര്‍ക്ക് പുതിയ യൂണിഫോം ഉള്‍പ്പെടെ കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കി ക്ഷേത്ര ട്രസ്റ്റ്. പുരോഹിതര്‍ കടും മഞ്ഞ നിറത്തിലുള്ള തലപ്പാലും കുര്‍ത്തയും ദോത്തിയും ധരിക്കണമെന്നാണ് ക്ഷേത്രസമിതി നിര്‍ദേശം. പുരോഹിതര്‍ ക്ഷേത്രത്തിനകത്ത് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകരുതെന്നും നിര്‍ദേശമുണ്ട്. തലപ്പാവ് കെട്ടുന്നതിനുള്ള പരിശീലനം നല്‍കിയിട്ടുണ്ട്.
രാമക്ഷേത്രത്തിലെ പൂജാരിമാരുടെ വസ്ത്രധാരണം മാറ്റുകയും ശ്രീകോവിലിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നത് വിലക്കുകയും ചെയ്തതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. ജൂലൈ 1 മുതല്‍, പുരോഹിതന്മാര്‍ മഞ്ഞ (പീതാംബരി) ധോത്തികള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ ഡ്രസ് കോഡിലേക്ക് മാറിയിരിക്കുകയാണ്. മുഖ്യപുരോഹിതനും നാല് സഹായികളും 10 ട്രെയിനികളും അടക്കം എല്ലാവരും കടും മഞ്ഞ നിറത്തിലുള്ള തലപ്പാവും കുര്‍ത്തയും ദോത്തിയും ധരിക്കണം. നേരത്തെ ചിലര്‍ കാവിയും ചിലര്‍ മഞ്ഞ വസ്ത്രങ്ങളുമായിരുന്നു ധരിച്ചിരുന്നത്. വസ്ത്രധാരണത്തില്‍ കര്‍ശന നിര്‍ദേശങ്ങള്‍ ഇല്ലായിരുന്നുവെന്നും ക്ഷേത്ര ട്രസ്റ്റ് കൂട്ടിച്ചേര്‍ത്തു.