തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കര്‍ ഇന്ന് കേരളത്തിലെത്തും. രാവിലെ തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നടക്കുന്ന 12-ാമത് ബിരുദദാന ചടങ്ങില്‍ ഉപരാഷ്ട്രപതി പങ്കെടുക്കും. ടോപ് സ്‌കോറര്‍മാര്‍ക്ക് അദ്ദേഹം സ്വര്‍ണ്ണ മെഡലുകള്‍ നല്‍കും. ഭാര്യ സുധേഷ് ധന്‍കറും അദ്ദേഹത്തിനൊപ്പമുണ്ടാവും.
ഐഎസ്ആര്‍ഒ ചെയര്‍മാനും ഐഐഎസ്ടി ഗവേണിങ് ബോഡി ചെയര്‍മാനുമായ എസ്.സോമനാഥ്, ഐഐഎസ്ടി ഡയറക്ടര്‍ ഡോ.ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ശനിയാഴ്ച രാവിലെ 10.55 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഉപരാഷ്ട്രപതി എത്തിക. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം വലിയമലയിലെ ഐ.ഐ.എസ്.ടിയില്‍ 11.30 ന് നടക്കുന്ന ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുവാനായി പോകും.
ശേഷം മൂന്ന് മണിയോടെ ഹെലിക്കോപ്റ്ററില്‍ കൊല്ലത്തേക്ക് യാത്ര തിരിക്കും. വൈകുന്നേരം അഷ്ടമുടി കായലില്‍ ബോട്ട് ക്രൂയിസ് നടത്തുകയും ചെയ്യും. തുടര്‍ന്ന് കൊല്ലത്തായിരിക്കും ഉപരാഷ്ട്രപതി രാത്രി തങ്ങുന്നത്. ഞായറാഴ്ച രാവിലെ 9.15ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തും. രാവിലെ 9.45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിക്ക് മടങ്ങും.