ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യ കേന്ദ്ര ബജറ്റ് (2024-25) ധനമന്ത്രി നിര്‍മല സീതാരാമന്‍ ജൂലൈ 23 ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. പാര്‍ലമെന്റ് സമ്മേളനം ജൂലൈ 22 ന് ആരംഭിച്ച് ഓഗസ്റ്റ് 12 ന് അവസാനിക്കും. കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ശേഷം തുടര്‍ ദിവസങ്ങളില്‍ ചര്‍ച്ച നടക്കും. ഇത്തവണത്തെ ബജറ്റ് ചരിത്രപരമാകുമെന്ന് നയപ്രഖ്യാപന വേളയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന് സൂചന.
നരേന്ദ്രമോദിയുടെ മൂന്നാം ടേമിലെ ആദ്യബജറ്റാണ് ജൂലൈ 23ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുക. ഒരുപാട് പ്രതീക്ഷയോടെയാണ് ഈ ബജറ്റ് നോക്കികാണുന്നത്. തെരഞ്ഞെടുപ്പിലെ തിരിച്ചടി ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ കൊണ്ടുവരുമെന്നാണ് കരുതുന്നത്. ബീഹാറിനും ആന്ധ്രാപ്രദേശിനും പ്രത്യേക പാക്കേജുകള്‍ അവതരിപ്പുക്കുമോ എന്നതും ഉറ്റുനോക്കുന്നുണ്ട്. എന്‍ഡിഎയില്‍ ഉറച്ചുനില്‍ക്കാന്‍ നിതീഷ്‌കുമാറും ചന്ദ്രബാബു നായിഡും മുന്നോട്ടുവച്ച ഉപാധിയാണ് പ്രത്യേക പാക്കേജ്. ഇത് ബജറ്റില്‍ വന്നില്ലെങ്കില്‍ ജെഡിയുവും ടിഡിപിയും ചിലപ്പോള്‍ മുന്നണി വിടുന്നതടക്കമുള്ള തീരുമാനത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ട്.
അതേ സമയം, രാജ്യത്തെ സാധാരണക്കാരെയും പാവപ്പെട്ടവരെയും പരിഗണിക്കാതെയാണ് ബജറ്റ് തയ്യാറാക്കിയതെന്ന ആരോപണവുമായി ഇതിനോടകം തന്നെ കോണ്‍ഗ്രസ് രംഗത്തെത്തി കഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു.
കേന്ദ്രബജറ്റിനെ വലിയ പ്രതീക്ഷയോടെയാണ് കേരളവും കാണുന്നത്.