Newsperseconds.com

രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ബജറ്റ്; വികസനത്തിനായി വിദ്വേഷം മാറ്റിവെച്ച് പ്രതിപക്ഷം സഹകരിക്കണം; മൂന്നാം തവണയും ആദ്യ ബജറ്റ് അവതരിപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനം; പ്രധാനമന്ത്രി നരേന്ദ്രമോദി

Modi

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനം ഫലപ്രദമാകാന്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ക്രിയാത്മക ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ എല്ലാ പാര്‍ട്ടികളിലെയും എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചു. സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ ഭരണഘടനാവിരുദ്ധമായി നിശബ്ദമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പാര്‍ലമെന്റിലെ പ്രതിപക്ഷ പ്രതിഷേധത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് രാജ്യം മുഴുവന്‍ സഭയിലേക്കാണ് ഉറ്റുനോക്കുന്നത്. ജനങ്ങളുടെ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിന് എല്ലാവരും ഒന്നിച്ച് നില്‍ക്കണം. വിദ്വേഷവും പ്രതിഷേധങ്ങളും മാറ്റിവെച്ച് പ്രതിപക്ഷം സഹകരിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യം സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടെന്നും ഇത് ക്രിയാത്മകവും സര്‍ഗ്ഗാത്മകവും അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള അടിത്തറ പാകുന്നതുമായ സെഷന്‍ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്തായ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണിത്. 60 വര്‍ഷങ്ങള്‍ക്ക് ശേഷം, ഒരു സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചെത്തി അതിന്റെ മൂന്നാം ടേമിലെ ആദ്യ ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാക്കുന്ന ജനകീയ ബജറ്റായിരിക്കും സര്‍ക്കാര്‍ അവതരിപ്പിക്കുക. വികസിത ഭാരതം എന്ന നമ്മുടെ സ്വപ്‌നത്തിന്റെ ശക്തമായ അടിത്തറയായി ഈ ബജറ്റ് മാറും. രാജ്യത്തിന്റെ വികസനമെന്നത് എല്ലാവരുടേയും കൂട്ടുത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. നാളെ അവതരിപ്പിക്കുന്നത് അമൃതകാലത്തെ സുപ്രധാന ബജറ്റാണ്. അഞ്ച് വര്‍ഷത്തേക്കുള്ള ഞങ്ങളുടെ പദ്ധതിയുടെ രൂപരേഖയും വിക്ഷിത് ഭാരത് 2047 ദര്‍ശനത്തിന് അടിത്തറയിടുമെന്നും അദ്ദേഹം പറഞ്ഞു.വലിയ സമ്പദ്വ്യവസ്ഥകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യം ഇന്ത്യയാണെന്നത് അഭിമാനകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share this Article

Leave a Comment