Newsperseconds.com

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഉടന്‍ അവതരിപ്പിക്കും; ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ രാജ്യം

Capture

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഉടന്‍ അവതരിപ്പിക്കാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഒരുങ്ങുന്നു. 2047-ഓടെ ഇന്ത്യയെ ‘വിക്ഷിത് ഭാരത്’ ആക്കി മാറ്റുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കുന്ന മോദി 3.0 സര്‍ക്കാരിന്റെ ആദ്യത്തെ പ്രധാന സാമ്പത്തിക രേഖയായിരിക്കും 2024-ലെ കേന്ദ്ര ബജറ്റ്. ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും ഈ വര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പുകളും ബജറ്റിനെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്. കാര്‍ഷിക വിളകള്‍ക്ക് താങ്ങ് വില, രാസവള സബ്സിഡി അടക്കമുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. നികുതി ഇളവുകളും ബജറ്റില്‍ ഉണ്ടായേക്കും.

ആദായനികുതിക്ക് പുറമെ, തൊഴിലവസരങ്ങളിലേക്കും മൂലധനച്ചെലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള ഗവണ്‍മെന്റിന്റെ പുതുക്കിയ ഊന്നലും ബജറ്റ് ഉയര്‍ത്തിക്കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീ സുരക്ഷയ്ക്കും സ്ത്രീകളുടെ ഉന്നമനത്തിനും പദ്ധതികള്‍ പ്രഖ്യാപിക്കും. യുവാക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. പെന്‍ഷന്‍ തുകകള്‍ ഉയര്‍ത്താനും സാധ്യതയുണ്ട്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതല്‍ തുക മാറ്റി വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്ക് കൂടുതല്‍ പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങള്‍ ആരോഗ്യ മേഖലയ്ക്ക് ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. റെയില്‍വെ സ്റ്റേഷന്‍ വികസനം, കൂടുതല്‍ ട്രെയിനുകള്‍, ട്രയിന്‍ സുരക്ഷ എന്നിവ റെയില്‍വേ ബജറ്റില്‍ ഇടം പിടിക്കും. നികുതി ഇളവുകള്‍ ഉണ്ടാകും എന്നതാണ് മറ്റൊരു പ്രതീക്ഷ. ബിഹാര്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി ലഭിക്കുമോ എന്നതാണ് ഉയരുന്ന മറ്റൊരു പ്രധാന ചോദ്യം.

തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഒരുപാട് പ്രതീക്ഷയോടെയാണ് ഈ ബജറ്റ് നോക്കികാണുന്നത്. അതേ സമയം, രാജ്യത്തെ സാധാരണക്കാരെയും പാവപ്പെട്ടവരെയും പരിഗണിക്കാതെയാണ് ബജറ്റ് തയ്യാറാക്കിയതെന്ന ആരോപണവുമായി ഇതിനോടകം തന്നെ കോണ്‍ഗ്രസ് രംഗത്തെത്തി കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു. കേന്ദ്രബജറ്റിനെ വലിയ പ്രതീക്ഷയോടെയാണ് കേരളവും കാണുന്നത്.

Share this Article

Leave a Comment