കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ഉണ്ടായ ദുരന്തഭൂമി സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കേരളത്തിന് എല്ലാ സഹായവും ഉറപ്പ് നല്‍കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും സ്ഥിതിഗതികള്‍ ആരായുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ ദുരന്തമാണ് സംഭവിച്ചത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രി പിണറായിവിജയനുമായി സംസാരിച്ചിരുന്നു. കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വവും ഏകോപനവും നല്‍കുകയാണ്.
ദുരന്തമുഖത്തെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ കൃത്യമായി ധരിപ്പിക്കുന്നുണ്ടെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു. പ്രധാനമന്ത്രി നേരിട്ടാണ് കേന്ദ്രസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഓരോ പതിനഞ്ച് മിനിറ്റുകള്‍ക്കിടയിലും വയനാട്ടിലെ സ്ഥിതിഗതികള്‍ അന്വേഷിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും വയനാട്ടിലെത്തിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും ഉപകരണങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അതെത്തിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രഥമ പരിഗണന. സ്ഥിതിഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതലത്തില്‍ നിരീക്ഷിച്ചുവരികയാണ്. ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ രക്ഷിക്കാനും സഹായിക്കാനും സംസ്ഥാന സര്‍ക്കാരിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി.