ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ച് നാല് ദിവസത്തിലേറെയായി. മണിക്കൂറുകളോളം നിരവധി ആളുകളെ ചോദ്യം ചെയ്യുകയും കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിക്കുകയും സംഘത്തെ വിപുലീകരിക്കുകയും ചെയ്‌തെങ്കിലും ദൃശ്യമായ പുരോഗതി വളരെ കുറവാണ്. കുറ്റകൃത്യം നടന്നതിന്റെ പിറ്റേന്ന് അറസ്റ്റ് ചെയ്ത ഒരു സിവിക് വോളണ്ടിയര്‍ മാത്രമാണ് ഇതുവരേ കേസില്‍ പ്രതിയായിട്ടുള്ളത്.
മുന്‍ ആര്‍ജി കര്‍ പ്രിന്‍സിപ്പല്‍ സന്ദീപ്‌ഘോഷിന്റെ അറസ്റ്റിനായി ശക്തമായ പ്രതിഷേധം നടന്നെങ്കിലും ശനിയാഴ്ച വരെ അത് നടന്നില്ല. സി.ബി.ഐ പല മേഖലകളിലും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുടെ സൈക്കോ അനാലിസിസ് പരിശോധന നടത്താന്‍ ഡല്‍ഹി സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള വിദഗ്ധര്‍ കൊല്‍ക്കത്തയിലെത്തി. പ്രതിയുടെ സൈക്കോ അനാലിസിസ് പരിശോധന ഉടന്‍ നടത്തുമെന്നാണ് വിവരം. ഇതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.സന്ദീപ് ഘോഷിനെ തുടര്‍ച്ചയായ രണ്ടാം ദിവസവും സിബിഐ ചോദ്യം ചെയ്തു. അതേസമയം കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് പരിസരത്ത് ഇന്ന് മുതല്‍ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.